അഗ്നിപഥിനെതിരെ കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

  • 18/06/2022

തിരുവനന്തപുരം: സേനയിലെ കരാര്‍ ജോലി പദ്ധതിയായ അഗ്നിപഥിനെതിരെ  കേരളത്തിലും ശക്തമായ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ വെള്ളയമ്പലത്തെ രാജ്ഭവനിലേക്കാണ് ഇന്ന് രാവിലെ കൂറ്റന്‍ റാലി നടന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. പദ്ധതി എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും, ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ റാലി. 

ഇതേ ആവശ്യമുന്നയിച്ച് കോഴിക്കോട്ടും പ്രതിഷേധ പ്രകടനം നടന്നു. ഇന്ന് രാവിലെ 9.30-യോടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും കെഎസ്ആര്‍ടിസി പരിസരത്തുമായി അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ തടിച്ചുകൂടിയത്. ക്രമേണ പ്രതിഷേധ മാര്‍ച്ചിലേക്ക് നിരവധിപ്പേരെത്തി.കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആര്‍മി റിക്രൂട്ട്‌മെന്റുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ പലതും നടന്നിരുന്നെങ്കിലും, നിയമനങ്ങള്‍ നടന്നിരുന്നില്ല.ഈ റാലികളിലും മറ്റും പങ്കെടുത്ത് ഫിസിക്കലും മെഡിക്കല്‍ പരീക്ഷകള്‍ പാസ്സായ ഉദ്യോഗാര്‍ത്ഥികളാണ് നിലവില്‍ പ്രതിഷേധത്തിനെത്തിയവരില്‍ പലരും. ഒന്നര വര്‍ഷത്തോളമായി ഇവര്‍ ജോലി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്.

കൊവിഡ് സാഹചര്യത്തിന് അവയവ് വന്ന 2021 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായിട്ടായിരുന്നു കേരളത്തില്‍ പലയിടത്തും സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ നടന്നത്. മെഡിക്കല്‍ - ഫിസിക്കല്‍ പരിശോധനകള്‍ക്ക് ശേഷം എഴുത്തുപരീക്ഷയ്ക്ക് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് നിലവില്‍ കേരളത്തില്‍ മാത്രമുള്ളത്.മറ്റ് കടമ്പകള്‍ക്ക് ശേഷം ഇനി എഴുത്തു പരീക്ഷ മാത്രം ബാക്കിയെന്ന സ്ഥിതിയിലാണ് പെട്ടെന്ന് ഈ റിക്രൂട്ട്‌മെന്റുകളെല്ലാം റദ്ദാക്ക കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഗ്‌നിപഥ് എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതോടെ സൈനിക സേവനം ആഗ്രഹിച്ചിരുന്ന പലര്‍ക്കും അത് കിട്ടാക്കനിയായി. 

പുതിയ പദ്ധതിയില്‍ പ്രായപരിധി 21 ആക്കിയതും തിരിച്ചടിയായി. ആറ് തവണയാണ് ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചത്.പ്രായപരിധി കുറച്ചതോടെ ഇപ്പോള്‍ പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നവരില്‍ ഏതാണ്ട് 90% പേരെങ്കിലും പരീക്ഷയെഴുതാന്‍ അയോഗ്യരാകും. പ്രതിഷേധങ്ങള്‍ ശക്തമായതോടെ 21 എന്ന പ്രായപരിധി 23 വയസാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഒരു വര്‍ഷത്തേക്കാണ് ഈ പ്രായപരിധിയുണ്ടാവുക. അപ്പോഴും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പുറത്താകും. വിവിധ എംപിമാരെ നേരില്‍ക്കണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും പ്രതിഷേധിക്കുന്ന യുവാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്മാറാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറായില്ല. ആര്‍മി റിക്രൂട്ട്‌മെന്റ് കാത്തിരിക്കുന്ന ഇവര്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയതിന്റെ പേരില്‍ കേസ് നേരിട്ടാല്‍ അത് ഇവരുടെ ജോലി സാധ്യതയെപ്പോലും ബാധിച്ചേക്കാമെന്ന് പൊലീസ് ഇവരോട് പറഞ്ഞിരുന്നു.എന്നാല്‍ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച്, പ്രതിഷേധമായി മുന്നോട്ട് പോകുകയായിരുന്നു. അഗ്‌നിപഥിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുമ്പോഴും റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് പോകുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് സേനാമേധാവികള്‍ അറിയിച്ചു.

Related News