അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

  • 19/06/2022

തിരുവനന്തപുരം: ലോക കേരള സഭയില്‍ പങ്കെടുക്കാനായി ഇറ്റലിയില്‍ നിന്നും കേരളത്തിലെത്തിയ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ചോദ്യം ചെയ്തത്. മോന്‍സന്‍ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് അനിത വെളിപ്പെടുത്തിയിരുന്നു. 

എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചും സംസ്ഥാന യൂണിറ്റുമാണ് മോന്‍സനുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്.മോന്‍സന്റെ തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയായി നിന്നു എന്നതാണ് അനിത പുല്ലയില്‍ നേരിടുന്ന പ്രധാന ആരോപണം. പോക്സോ കേസിലെ ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതിന് അനിതയ്ക്ക് നേരെ കേസെടുത്തിരുന്നു. ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്തിരുന്നു. 

ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയ അനിതയെ കഴിഞ്ഞ ദിവസം വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കിയിരുന്നു. കേരളത്തിലെത്തിയ വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.അന്വേഷണവുമായി അനിത സഹകരിക്കുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. മോന്‍സനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതിയാകാന്‍ സാധ്യതയില്ലെന്നാണ് ക്രൈം ബ്രാഞ്ച് നല്‍കുന്ന സൂചന. മുന്‍ പോലീസ് മേധാവി ലോകനാഥ് ബെഹ്റയുമായുള്ള അടുപ്പം ചര്‍ച്ചയായിരുന്നു. എന്നാല്‍ വിദേശ മലയാളി സംഘടനയുടെ ആവശ്യങ്ങുമായി ബന്ധപ്പട്ടുള്ള കാര്യങ്ങളില്‍ അല്ലാതെ ബെഹ്റയുമായി ഒരു പരിചയവുമില്ലെന്നാണ് അനിത പറയുന്നത്. 

ഇക്കാര്യത്തില്‍ അനിതയ്ക്കെതിരെ മറ്റ് തെളിവുകളുമില്ല. അതിനിടെ അനിത പുല്ലയില്‍ എങ്ങനെ ലോക കേരള സഭ വേദിക്കടുത്ത് എത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായി കഴിഞ്ഞ വര്‍ഷം അവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം അവര്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഇല്ലെന്ന് നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കി. അനിത എത്തിയെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ സമ്മേളന ഹാളിലേക്ക് ഐഡി കാര്‍ഡ് പരിശോധിച്ച് മാത്രമാണ് പ്രതിനിധികളെ കയറ്റി വിടാന്‍ അധികൃതര്‍ തയ്യാറായത്. ഇത്തരമൊരു ജാഗ്രത കാണിച്ചതും അനിതയെ പുറത്താക്കുന്നതിന് സഹായകമായി.അനിത പുല്ലയില്‍ സഭ ടി.വിയുടെ ഓഫീസില്‍ ഇരിക്കുന്നത് കണ്ട ചാനല്‍ ക്യാമറകള്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പുറത്താക്കിയത്. അനിത നിയമസഭയിലെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എം.ബി രാജേഷ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News