കാറിന്റെ ബമ്പര്‍ കടിച്ചതിന് നായയ്ക്ക് ക്രൂര മര്‍ദ്ദനം; കണ്ണടിച്ച് പൊട്ടിച്ചു, തലപൊളിഞ്ഞു

  • 19/06/2022

തിരുവനന്തപുരം: കാര്‍ കേടാക്കിയെന്ന് ആരോപിച്ച് നായയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടം വൈദ്യുതിഭവനു മുന്നില്‍ 14-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

പട്ടം വൈദ്യുതിഭവനിലെ കരാര്‍ ഡ്രൈവര്‍ മുരളിയാണ് നായയെ മര്‍ദിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. കാറിന്റെ ബമ്പര്‍ കടിക്കുന്നുവെന്ന കാരണത്തിലായിരുന്നു മര്‍ദ്ദനമെന്നു പറയുന്നു. അടി കൊണ്ട് നായ താഴെ വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു. കണ്ടുനിന്നവരെല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിഷ്‌കരുണം നായയെ തല്ലുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. 

നിലത്തു വീണ നായ എഴുന്നേറ്റു നടക്കാന്‍ കഴിയാതെ ഇഴയുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദനമേറ്റ് നായയുടെ തലപൊളിഞ്ഞ്, ചോരയില്‍ കുതിര്‍ന്ന നിലയിലാണ് നായയെ ജഗതിയിലുള്ള ആശുപത്രിയില്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകര്‍ പ്രവേശിപ്പിച്ചത്. പിന്നീട് അടിയന്തരചികിത്സയ്ക്കു ശേഷം വലിയറത്തലയിലെ സംഘടനയുടെ ഷെല്‍ട്ടല്‍ ഹോമിലേക്കു മാറ്റി. നായ സുഖമായി വരുന്നതായി സംഘടനയുടെ പ്രവര്‍ത്തക പറഞ്ഞു.  

Related News