തെരുവു നായയെ കൊല്ലാന്‍വെച്ച വൈദ്യുതക്കമ്പിയില്‍നിന്നു ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു; സഹോദരങ്ങളുടെ മക്കള്‍ അറസ്റ്റില്‍

  • 19/06/2022

പാലക്കാട്: പാലക്കാട് കുറുവട്ടൂരില്‍ വീട്ടുവളപ്പില്‍ തെരുവുനായയെ കൊല്ലാന്‍വെച്ച വൈദ്യുതക്കമ്പിയില്‍നിന്നു ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. തിരുനാരായണപുരം ഇടുപടിക്കല്‍ സഹജനാണ് (55) മരിച്ചത്. സംഭവത്തില്‍ സഹജന്റെ രണ്ടു സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. സഹജനും സഹോദരങ്ങളും ഒരു വളപ്പിലെ വെവ്വേറെ വീടുകളിലാണ് താമസം. തെരുവുനായശല്യമുള്ള സ്ഥലത്ത് അവയെ പിടികൂടാനാണ് കെണി ഒരുക്കിയത്. എന്നാല്‍ ഇതറിയാതെ എത്തിയ സഹജന് ഷോക്കേല്‍ക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാരുടെ സഹായത്തോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സഹജന്റെ ഭാര്യ: മിനി. മക്കള്‍: വിഷ്ണു, ദിവ്യ. മരുമകന്‍: സുരേഷ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.

Related News