കേരളത്തിലും ബന്ദെന്ന് വ്യാപക പ്രചാരണം; ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്റലിജന്‍സ്

  • 19/06/2022

തിരുവനന്തപുരം: അഗ്നിപഥ് പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലും ബന്ദ് നടത്തുന്നുവെന്ന സോഷ്യല്‍ മീഡിയാ പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്റലിജന്‍സ്. ഉത്തരേന്ത്യയില്‍ പോലും ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പോലീസ് ഭാരത് ബന്ദ് സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍. 

സമൂഹമാധ്യമങ്ങളിലൂടെയാണ് നാളെ അഗ്‌നിപഥ് വിഷയത്തില്‍ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നേരത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഡിജിപി നല്‍കിയ ജാഗ്രതാ നിര്‍ദേശം. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News