കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കെത്തി; വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമം, പ്രതി അറസ്റ്റില്‍

  • 19/06/2022

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമ. സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.  ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ഇയാള്‍ ശ്രമിച്ചു.

കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. വനിതാ ഡോക്ടര്‍ പരിശോധിക്കാനെത്തിയപ്പോള്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയെ കുറിച്ചും ജീവനക്കാരേയും വ്യക്തമായ ധാരണയോടെയാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയില്‍ എത്തിയത്.

പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രതി ലഹരിക്ക് അടിമയാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പോലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related News