രോഗി മരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി, നെഫ്രോളജി തലവന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

  • 20/06/2022

തിരുവനന്തപുരം:  വൃക്ക മാറ്റിവെച്ച രോഗി മരിക്കാനിടയായ സംഭവത്തില്‍ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ തലവന്മാരെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

പുറത്തുനിന്നെത്തിയവര്‍ കിഡ്‌നി അടങ്ങിയ പെട്ടിയെടുത്ത് ഓടുകയായിരുന്നു. ഓപറേഷന്‍ തിയറ്റര്‍ എവിടെയെന്ന് ഇവര്‍ക്ക് അറിയാത്തിനാല്‍ ആശയക്കുഴപ്പമുണ്ടായി. ഏകോപനത്തില്‍ പിഴവുണ്ടായെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കാരണക്കോണം സ്വദേശി സുരേഷ് ആണ് മരിച്ചത്. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും. എന്നാല്‍ രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നതായും പരാതിയില്ലെന്നും സുരേഷിന്റെ ബന്ധുക്കള്‍ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടു. 

എറണാകുളം രാജഗിരി ആശുപത്രിയില്‍ മരിച്ച തൃശൂര്‍ പുതുക്കാട് സ്വദേശി ജിജിത്തിന്റെ ഒരു വൃക്കയാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. രാജഗിരിയില്‍ നിന്ന് കൃത്യം 2.30യ്ക്ക് ആംബുലന്‍സ് പുറപ്പെട്ടു. വഴിനീളെ പൊലീസ് അകമ്പടിയോടെ 5.30 ന് ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി. ഇവിടെ വരെ എല്ലാം കൃത്യമായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററിന് മുമ്പില്‍ വൃക്കയുമായി കാത്തു നില്‍ക്കേണ്ടി വന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത് വൃക്ക കൊണ്ടു വന്ന ആംബുലന്‍സ് ജീവനക്കാര്‍. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിയെ തയാറാക്കുന്നതിലും ഏകോപനത്തിലും നെഫ്രോളജി , യൂറോളജി വിഭാഗങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. സൂപ്രണ്ടുള്‍പ്പെടെ ഇടപെട്ടതിനുശേഷം 9.30 യോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. കാരക്കോണം സ്വദേശിയും ഐടിഐ മുന്‍അധ്യാപകനുമായ സുരേഷിനാണ് വൃക്ക മാറ്റി വച്ചത്. ശസ്ത്രക്രിയാനന്തരമുളള സങ്കീര്‍ണതകളാല്‍ ഇന്ന് രാവിലെ 11 മണിയോടെ സുരേഷ് മരിച്ചു. രോഗിക്ക് ഡയാലിസിസും അനുബന്ധപരിശോധനകളും നടത്താനുളള കാലതാമസം മാത്രമേ ഉണ്ടായിട്ടുളളുവെന്ന് ആശുപത്രി അധികൃതരും വിശദീകരിച്ചു.

Related News