രോഗിയുടെ മരണം; കെ.ജി.എം.സി.ടി.എയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി

  • 21/06/2022

തിരുവനന്തപുരം: വൃക്ക മാറ്റിവെച്ച രോഗി മരിക്കാനിടയായ സംഭവത്തില്‍ വകുപ്പ്തലവന്‍മാര്‍ക്കെതിരെ നടപടിയെടുത്തത് ചോദ്യം ചെയ്ത കെ.ജെ.എം.സി.ടി.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. അവയവമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേയല്ലാതെ മറ്റാര്‍ക്കെതിരേയാണ് നടപടി എടുക്കേണ്ടതെന്ന് മന്ത്രി ചോദിച്ചു.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകുകയും പിന്നീട് രോഗി മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. ശസ്ത്രക്രിയാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി എടുത്തത്. സര്‍ക്കാര്‍ ആശുപത്രികളില്‍, മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. ഓരോ വ്യക്തിയുടെയും ജീവന്‍ പ്രധാനപ്പെട്ടതാണ്. അതില്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് ഉത്തരവാദിത്തമുള്ളത്. മന്ത്രി ആരാഞ്ഞു. 

കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ചിലരീതികളുണ്ട്. ആ രീതികളില്‍ മുന്നോട്ടുപോകാന്‍ ഒരു കാരണവശാലും സര്‍ക്കാര്‍ അനുവദിക്കില്ല. സമഗ്രമായ അന്വേഷണം നടത്തുകയും ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സര്‍ക്കാര്‍ ശക്തമായി തന്നെ മുന്നോട്ടുപോകും. പ്രാഥമികമായിട്ടുള്ള വിവരം ലഭ്യമാക്കിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന സസ്പെന്‍ഷന്‍ ഒരു ശിക്ഷാനടപടിയല്ല'- മന്ത്രി പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയാ വിവാദത്തിനു പിന്നാലെയുണ്ടായ സസ്പെന്‍ഷന്‍ നടപടിക്കെതിരേ കെ.ജി.എം.സി.ടി.എ. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

ചികിത്സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ, വിശദമായ ഒരു അന്വേഷണവും നടത്താതെ സസ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായതെന്ന് കെ.ജി.എം.സി.ടി.എ. പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണെന്നും കെ.ജി.എം.സി.ടി.എ. ആരോപിച്ചിരുന്നു.മാത്രമല്ല, ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാനടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെ.ജി.എം.സി.ടി.എ. ആവശ്യപ്പെടുന്നുണ്ട്. മെഡിക്കല്‍ കോളേജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും പ്രസ്താവനയില്‍ ഡോക്ടര്‍മാരുടെ സംഘടന പറയുന്നുണ്ട്.

Related News