സ്വര്‍ണക്കടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‌ന സുരേഷിന്റെ കത്ത്

  • 21/06/2022

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും വ്യക്തമായ പങ്കുണ്ട്. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും എച്ച് ആര്‍ഡിഎസിനെയും ദ്രോഹിക്കുകയാണ്. കേസില്‍ പ്രധാന പങ്കുവഹിച്ചത് ജയശങ്കറാണ്. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ സ്വപ്ന കത്തിലൂടെ അനുമതിയും തേടിയിട്ടുണ്ട്.

അതേസമയം, സ്വപ്നയോട് ഈ മാസം 22ന് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 164 മൊഴിയിലാണ് തുടര്‍നടപടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ രഹസ്യമൊഴിയുടെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി. സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയുടെ അംഗീകൃത പകര്‍പ്പ് ഇ.ഡി കോടതിയില്‍ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടി. 

അതേസമയം, സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മൂന്നാം കക്ഷിക്ക് മൊഴി പകര്‍പ്പ് നല്‍കാനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒരു തെളിവുപോലും സ്വപ്നക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സരിത പ്രതികരിച്ചിരുന്നു

Related News