മറ്റൊരാളുമായി സൗഹൃദം; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം

  • 21/06/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം യുവതിക്ക് മറ്റൊരാളുമായുണ്ടായിരുന്ന സൗഹൃദമെന്ന് പ്രാഥമിക നിഗമനം. കല്ലറ പഴവിള സ്വദേശിനി സുമി (18), വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി (21) എന്നിവരെയാണ് സുമിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സുമിയെ റബര്‍ തോട്ടത്തില്‍ നിലത്ത് അബോധാവസ്ഥയിലും ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉണ്ണിയും സുമിയും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി അടുപ്പമുണ്ടായിരുന്നു. രണ്ടുപേരുടെയും വീട്ടുക്കാര്‍ക്ക് ഇക്കാര്യം അറിയാം. എന്നാല്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടായത് വൈരാഗ്യത്തിന് കാരണമായി. 

ഇതിന്‍റെ പേരില്‍ കുറച്ച് നാളുകളായി ഇരുവരും തമ്മില്‍ ഇടയ്ക്ക്  പിണക്കം ഉണ്ടായിരുന്നു. ശനിയാഴ്ച  സുമിയും ഉണ്ണിയും തമ്മില്‍ വഴക്കുണ്ടായി. സുമി ശ്വസം മുട്ടലിന്റെ എട്ട് ഗുളികകള്‍ എടുത്ത് കഴിച്ചു. തുടര്‍ന്ന് വീട്ടുക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ഉണ്ണിയും കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. 

ഞായറാഴ്ച  വീടുക്കാര്‍ സുമിയടെ സുഹൃത്തിനെ വീട്ടില്‍ വിളിച്ച് വരുത്തി ഇനി സുമിയുമായി യാതൊരു ബന്ധവും പാടില്ല എന്ന് താക്കീത് നല്‍കിയതിനെ തുടര്‍ന്ന് സുഹൃത്ത് പോകുകയും ചെയ്തു. തുടര്‍ന്ന് രാത്രിയോടെ ഉണ്ണിയും സുമിയും ഏറെ നേരം റോഡിന് സമീപം നിന്ന് സംസാരിക്കുകയും ഇത് വീട്ടുകാര്‍ കാണുകയും ചെയ്തു. 

ഏറെ സമയം കഴിഞ്ഞും കാണാത്തത് കൊണ്ട് വീട്ടിലുള്ള സുമിയുടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത റബര്‍ തോട്ടത്തില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുമിയെ തറയില്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.  8 അടി ഉയരത്തില്‍ ഉണ്ണി തുങ്ങി നില്‍ക്കുകയായിരുന്നു.സുമിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

റബ്ബര്‍ തോട്ടത്തില്‍ ഇതുവരും തമ്മില്‍ പിടിവലി നടത്തിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയതാവാം എന്നാണ് പോലീസിന്റ പ്രാഥമിക വിവരം.

കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂ. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News