കെ.എന്‍.എ ഖാദറിനെതിരെ പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍

  • 22/06/2022

കോഴിക്കോട്: കെ.എന്‍.എ ഖാദറിനെതിരേ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരോക്ഷ വിമര്‍ശനം. ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍തന്നെ എവിടേയും പോകേണ്ടതില്ലെന്നും നമുക്ക് അവിടെ പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് ഖാദറിനെതിരേ നടപടിയെടുക്കാന്‍ മുസ്ലീം ലീഗില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയിലാണ് പേരെടുത്ത് പറയാതെയുള്ള തങ്ങളുടെ വിമര്‍ശനം.

'നമ്മള്‍ അച്ചടക്കമുള്ള പാര്‍ട്ടിക്കാരാണ്. എവിടെയെങ്കിലും പോകുമ്പോള്‍, നമുക്ക് അവിടെ പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കം. ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍തന്നെ പോകേണ്ടതില്ല. അതിന് സാമുദായികമായ പ്രത്യേകതകള്‍ നോക്കേണ്ടിവരും. രാജ്യസ്നേഹപരമായ പ്രത്യേകതകള്‍ നോക്കണം. സാമൂഹികപരമായ പ്രത്യേകതകള്‍ നോക്കേണ്ടിവരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ പോകോണ്ടകാര്യം മുസ്ലീം ലീഗുകാരെ സംബന്ധിച്ച് ഇല്ല', പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.തുടര്‍ച്ചയായ വിവാദങ്ങളില്‍ ഖാദറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങുകയാണ് മുസ്ലിംലീഗ്. 

പാര്‍ട്ടി നിലപാടിന് വിരുദ്ധമായിട്ടാണ് കെ.എന്‍.എ. ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. ഉന്നതാധികാര സമിതിയെ അറിയിക്കാതെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്നും വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നും മുനീര്‍ അറിയിച്ചു. കെ.എന്‍.എ ഖാദറിന്റെ വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. കോഴിക്കോട് ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ലീഗ് നേതാവ് പങ്കെടുത്തത്. വിവാദമായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിന്റെ പരിപാടിയല്ലെന്നും മതസൗഹാര്‍ദത്തിന് വേണ്ടിയാണ് പോയതെന്നുമായിരുന്നു വിശദീകരണം.

Related News