ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമാക്കി മാറ്റുന്നതിനെതിരേ ജാഗ്രതവേണമെന്ന് ഹൈക്കോടതി

  • 23/06/2022

കൊച്ചി: ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമാക്കി മാറ്റുന്നതിന് എതിരെ ജാഗ്രത വേണമെന്ന് ഹൈക്കോടതി. നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കഴിഞ്ഞ ദിവസം നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. തെളിവുകള്‍ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ല. എന്നാലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ പെരുമാറ്റ രീതികള്‍ പുരുഷന്‍മാരുടെ വീക്ഷണ കോണില്‍ നിന്ന് വിലയിരുത്തുന്ന രീതി ഒഴിവാക്കണം. ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടന്‍ പരാതി നല്‍കിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും കോടതിയുടെ പരിഗണനവിഷയമാകരുത്. ഓരോ കേസിനും അതിന്റേതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങള്‍ കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കി.

കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവും പരിഗണിക്കണം. അതുകൊണ്ടാണ് ഓരോ കേസിലും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി.

Related News