ഇംഗ്ലീഷ് അക്ഷരമാല എഴുതിയില്ല; നാലു വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദനം

  • 24/06/2022

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ നാല് വയസുകാരനെ ട്യൂഷൻ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇംഗ്ലീഷ് അക്ഷരമാല എഴുതാത്തതിനെ തുടര്‍ന്നാണ് അധ്യാപകനായ നിഖിൽ വിജയകൃഷ്ണ മർദ്ദിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പള്ളുരുത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാൻഡിലാണ്.

പള്ളുരുത്തി സ്വദേശിയായ നിഖിൽ നടത്തുന്ന തക്ഷശില എന്ന ട്യൂഷൻ സെന്‍ററിൽ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു സംഭവം. ചൊവ്വാഴ്ച വീട്ടിലെത്തിയ മകന് പനി കൂടിയതോടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ചാണ് ദേഹമാസകലം ചൂരൽ പാടുകളും, അടി കൊണ്ട് നീര് വെച്ച കാലുകളും ശ്രദ്ധയിൽപ്പെടുന്നത്. 

തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മര്‍ദ്ദിച്ച വിവരം അറിയുന്നത്. ഉടന്‍ മാതാപിതാക്കൾ പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കി. എന്തിനാണ് അടിച്ചതെന്ന് നിഖിലിനോട് ചോദിച്ചപ്പോൾ ഓ൪മയിലിരിക്കാൻ വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. 'A' എന്ന് എഴുതാത്തതിനാണ് മകനെ അടിച്ചത്. കുട്ടി മാനസികമായി തളർന്ന് പോയിയെന്നും അത് കൊണ്ടാണ് പോലീസിൽ പരാതി നൽകിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. 

കുട്ടിയെ മർദ്ദിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പള്ളുരുത്തി പോലീസ് കേസെടുത്തിരിക്കുന്നത്. നിഖിൽ വിജയകൃഷ്ണ പള്ളുരുത്തി കച്ചേരിപ്പടിയിലാണ് ട്യൂഷനും കൗൺസിലിംഗ് കേന്ദ്രവും നടത്തുന്നത്. എംകോം, ബിഎഡ്, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഇദ്ദേഹത്തിനുണ്ട്. ജില്ലാ ശിശുക്ഷേമ സമിതി കുട്ടിക്ക് ഉടൻ കൗൺസിലിംഗ് നൽകുമെന്നും നിയമസഹായം ഉറപ്പാക്കുമെന്നും അറിയിച്ചു.

Related News