സ്വത്തുക്കള്‍ തന്‍റെ പേരിലേക്ക് മാറ്റിയില്ല; കിടപ്പുരോഗിയായ ബന്ധുവിനെ യുവാവ് മര്‍ദിച്ചുകൊന്നു

  • 24/06/2022

മൂലമ്പിള്ളി: സ്വത്തുക്കള്‍ തന്‍റെ പേരിലേക്ക് മാറ്റാത്തതിനെ തുടര്‍ന്ന് കിടപ്പുരോഗിയായ ബന്ധുവിനെ യുവാവ് മര്‍ദിച്ചുകൊന്നു. ഇയാളെ അറസ്റ്റ് ചെയ്തു. ലമ്പിള്ളി കൊണ്ടോത്ത് ഡേവിഡ് ഗോമസ് (67) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ മാര്‍ട്ടിന്‍ ഗോമസിന്റെ വളര്‍ത്തുപുത്രന്‍ മെല്‍വിന്‍ (38) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

ഡേവിഡ് ഗോമസിന്റെ സ്വത്തുവകകള്‍ തന്റെ പേരിലേക്ക് മാറ്റിത്തരാത്തതിന്റെ വൈരാഗ്യത്തിലാണ് മെല്‍വിന്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് ഡേവിഡിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചതായി സ്ഥിരീകരിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തിലേറ്റ മാരക പരിക്കാണ് മരണത്തിന് കാരണമെന്ന് വ്യക്തമായി. തുടര്‍ന്നാണ് പോലീസ് മെല്‍വിനെ ചോദ്യം ചെയ്തത്. കിടപ്പുരോഗിയായ ഡേവിഡിന്റെ ഭാര്യ നേരത്തേ മരിച്ചു. മക്കളില്ല. സഹായത്തിന് നിന്നിരുന്നത് മെല്‍വിനാണ്. ചോദ്യം ചെയ്യലില്‍ പണ സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിച്ചെന്നും മദ്യലഹരിയിലാണിത് ചെയ്തതെന്നും മെല്‍വിന്‍ സമ്മതിച്ചു. തുടര്‍ന്നാണ് വരാപ്പുഴ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related News