രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫീസിന് നേരെ എസ്.എഫ്.ഐ അക്രമം

  • 24/06/2022

കല്‍പറ്റ: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫിസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം. അകത്തുകയറിയ പ്രവര്‍ത്തകര്‍ ഓഫിസിനുള്ളിലെ സാധനങ്ങളും അടിച്ചുതകര്‍ത്തു. സ്റ്റാഫിനെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. പരിസ്ഥിതിലോല മേഖല ഉത്തരവിനെതിരെ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ. നടത്തിയ മാര്‍ച്ചിനിടെയാണ് അക്രമമുണ്ടായത്. 

അതേസമയം രാഹുലിനെതിരെ മോദി നടത്തുന്ന നീക്കം പിണറായി വിജയന്‍ ഏറ്റെടുത്തെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു. ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. പൊലീസ് സഹായം ചെയ്‌തെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബി.ജെ.പി. ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ മുഖ്യമന്ത്രി ചെയ്യിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കേരളത്തില്‍ കലാപത്തിനുളള ഭരണകക്ഷിയുടെ രണ്ടാമത്തെ ആഹ്വാനമാണിത്. ഗൂഢാലോചന നടത്തി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെ നടന്നതാണിതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

അതേസമയം, എന്താണ് സംഭവിച്ചെന്ന് പരിശോധിക്കുമെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ പ്രതികരിച്ചു. എസ്.എഫ്.ഐക്കാരാണോ അക്രമം നടത്തിയതെന്ന് പരിശോധിക്കണം. അക്രമങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും പി.ഗഗാറിന്‍ വ്യക്തമാക്കി. ഇതിനിടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

Related News