രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

  • 24/06/2022

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്ന് പ്രസ്താവനയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിപിഎം നേതൃത്വവും രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തെ തള്ളി രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം അറിയാത്ത സമരമായിരുന്നു ഇതെന്ന് സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ ആക്രമണത്തെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഎം പിബി അംഗം എ വിജയരാഘവനും നേരത്തെ രംഗത്തെത്തിയിരുന്നു. 

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഇ ഡി രാഹുല്‍ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സമരങ്ങള്‍ മാതൃകാപരമാകണമെന്ന് എ വിജയരാഘവനും പറഞ്ഞു.

Related News