സംസ്ഥാനത്ത് ആറുവരിപ്പാത 2025ഓടെ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  • 24/06/2022

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത ആറുവരിയാക്കുന്ന പ്രവര്‍ത്തനം 2025ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിന്‍കടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റര്‍ റോഡാണ് ആറുവരി പാതയാക്കുന്നത്. 

ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മുഴുവന്‍ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയില്‍ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒറ്റശേഖരമംഗലം, കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര- പൂഴനാട്- മണ്ഡപത്തിന്‍കടവ് -മണക്കാല- പേരേക്കോണം- റിംഗ് റോഡ്. ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 10 കോടി രൂപയാണ് പദ്ധതിയുടെ ബഡ്ജറ്റ്.മണ്ഡപത്തിന്‍കടവ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ സി കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാല്‍കൃഷ്ണന്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു

Related News