സംസ്ഥാനത്തെ പുതുക്കിയ വൈദ്യുത ചാര്‍ജ്ജ് നിരക്ക് ഇന്ന് പ്രഖ്യാപിക്കും

  • 25/06/2022

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വൈദ്യുത ചാര്‍ജ്ജ് ഇന്ന് പ്രഖ്യാപിക്കും. പുതിയ താരിഫില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 50 പൈസ വരെ കൂട്ടാനാണ് സാധ്യത. ഉച്ചയ്ക്ക് 2.30ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നടത്തുന്ന പ്രഖ്യാപനത്തില്‍ പുതിയ സ്ലാബുകളും നിലവില്‍ വന്നേക്കും. പുതിയ നിരക്കുകള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും. 

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 70 പൈസയുടെ വര്‍ധന ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ്, റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം തന്നെ ഗാര്‍ഹിക ഉപയോക്താക്കളുടെ സ്ഥിരനിരക്ക് ഇരട്ടിയും അതിലേറെയും കൂട്ടണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇത്രയും വര്‍ധനയ്ക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയേക്കില്ല. യൂണിറ്റിന് 50 പൈസവരെയുള്ള വര്‍ധനയ്ക്കാണ് സാധ്യത. ബിപിഎല്‍ വിഭാഗത്തിന് യൂണിറ്റിന് 20 പൈസ വരെ വര്‍ധനയാണ് ബോര്‍ഡ് ചോദിച്ചിരിക്കുന്നത്. ഫിക്‌സഡ് ചാര്‍ജിലും കാര്യമായ വര്‍ധന നിര്‍ദേശിച്ചിട്ടുണ്ട്. മാസം 50 യൂണിറ്റ് വരെ 50 രൂപ. 51-100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 45 ല്‍ നിന്ന് 70 ഉം 101മുതല്‍ 150 യൂണിറ്റ്് വരെയുള്ളവര്‍ക്ക് 55 ല്‍നിന്ന് 110 ഉം 151 മുതല്‍ 200യൂണിറ്റു വരെ ഉപയോഗിക്കുന്നവര്‍ക്ക് 70 ല്‍ നിന്ന് ഇരട്ടിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ത്രീഫെയ്‌സ് ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജും ഇരട്ടിയാക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യങ്ങളിലും റഗുലേറ്ററി കമ്മീഷന്‍ നാളെ തീരുമാനം പ്രഖ്യാപിക്കും. 2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

Related News