നീതി ആയോഗിന്റെ ആദ്യ മലയാളി സി.ഇ.ഒ ആയി പരമേശ്വരന്‍ അയ്യര്‍ നിയമിതനായി

  • 25/06/2022

ന്യൂഡല്‍ഹി: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മലയാളിയുമായ പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിതനായി. നിലവിലെ സി.ഇ.ഒ. അമിതാഭ് കാന്ത് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കോഴിക്കോട് കുടുംബവേരുകളുള്ള പരമേശ്വരന്‍ അയ്യര്‍ 1981 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.

2009-ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പരമേശ്വരന്‍ അയ്യരെ 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് മന്ത്രാലയം നടപ്പാക്കിയത്.ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ നൂതനാശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ള അയ്യര്‍ 1998 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയില്‍ മുതിര്‍ന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020-ല്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയം സെക്രട്ടറി പദവിയില്‍നിന്ന് വിരമിച്ച് ലോകബാങ്കില്‍ പ്രവര്‍ത്തിക്കാനായി അമേരിക്കയില്‍ പോയി. നിലവില്‍ അവിടെയാണ് പ്രവര്‍ത്തനം. കോഴിക്കോടാണ് കുടുംബവേരുകളെങ്കിലും ശ്രീനഗറിലാണ് പരമേശ്വരന്‍ ജനിച്ചത്. ഡൂണ്‍ സ്‌കൂളിലും ഡല്‍ഹിയിലെ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.J വ്യോമസേനയില്‍നിന്ന് എയര്‍ മാര്‍ഷല്‍ പദവിയില്‍ വിരമിച്ച പി.വി. അയ്യരുടെയും കല്യാണിയുടെയും മകനാണ്. പരമേശ്വരന്റെ നിയമനം രണ്ടുവര്‍ഷത്തേക്കാണെന്ന് കേന്ദ്ര പഴ്സണല്‍ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു.സ്ഥാനമൊഴിയുന്ന സി.ഇ.ഒ. അമിതാഭ് കാന്ത് കേരളാ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. 2016 മുതല്‍ നിതി ആയോഗ് സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചു വരികയാണ്.

Related News