കുവൈത്ത് മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി കൂടി കൊച്ചിയിൽ എത്തി

  • 25/06/2022



എറണാകുളം: കുവൈത്ത് മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി കൂടി കൊച്ചിയിൽ എത്തി. ചെറായി സ്വദേശിനിയാണ് മടങ്ങിയെത്തിയത്. കുവൈത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് യുവതി പറയുന്നു. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. നാട്ടിലെത്തിയാൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർദേശിച്ചതായും യുവതി വ്യക്തമാക്കി. ഫോണിലെ മുഴുവൻ വിവരങ്ങളും നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചുവെന്നും യുവതി പറഞ്ഞു. 

അതേസമയം കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളിലേക്ക് എത്താൻ പൊലീസിന് ഇനിയുമായിട്ടില്ല. മലയാളി യുവതികളെ കുവൈത്തിലെ അറബി കുടുംബങ്ങൾക്ക് വിൽപന നടത്തിയ മജീദിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും പൊലീസിന് ലഭിച്ചിട്ടില്ല. ജോലി വാഗ്‍ദാനം ചെയ്ത് യുവതികളെ കുവൈത്തിലെത്തിച്ച് വിൽപന നടത്തിയ കേസിൽ ഇതുവരെ പൊലീസ് പിടിയിലായത് പത്തനംതിട്ട സ്വദേശി അജുമോൻ മാത്രമാണ്. അജുമോനാണ് കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്റ് എന്ന നിലയിൽ പ്രവർത്തിച്ചത്. 

എന്നാൽ അറബികളിൽ നിന്നും പണം വാങ്ങിയതും കുവൈത്തിൽ തങ്ങളെ ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും തളിപ്പറമ്പ് സ്വദേശിയായ മജീദ് ആണെന്ന് യുവതികൾ വെളിപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും ഭീഷണി തുടരുകയാണെന്നും കൂടുതൽ യുവതികൾ ഇപ്പോഴും രക്ഷപ്പെടാനാകാതെ കുവൈറ്റിലുണ്ടെന്നും കോട്ടയം സ്വദേശി വെളിപ്പെടുത്തിയിരുന്നു.

കുവൈത്തിലെ തൊഴിലുടമയിൽ നിന്നും രക്ഷപ്പെട്ടെത്തിയ കൊല്ലം പത്തനാപുരം സ്വദേശിനിയായ ആദിവാസി യുവതി നേരിട്ടതും ക്രൂര പീഡനമാണ്. ദിവസവും കഴിക്കാൻ നൽകിയിരുന്നത് ഒരു കുബ്ബൂസ് മാത്രമാണ്. തൊഴിലുടമ പതിവായി മർദിച്ചിരുന്നതായും രക്ഷപെടാൻ ശ്രമിച്ചാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

Related News