ഗോ ഫസ്റ്റ്: കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഈ മാസം മുതല്‍ വിമാന സർവീസ് തുടങ്ങും

  • 25/06/2022



കൊച്ചി: രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുന്‍ ഗോ എയര്‍) ഈ മാസം 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ്‌ളൈറ്റുകള്‍ ഉണ്ടാകും. സര്‍വീസിന് തുടക്കം കുറിച്ചുള്ള ആദ്യ ഫ്‌ളൈറ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8:05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് 10:40ന് (പ്രാദേശിക സമയം) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. റിട്ടേണ്‍ ഫ്‌ളൈറ്റ് അബുദാബിയില്‍ നിന്നും രാത്രി 11:40ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് (പ്രാദേശിക സമയം) കൊച്ചിയിലെത്തും.

കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചു. കൊച്ചി - അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും വേനല്‍ അവധിക്ക് യുഎഇയും കേരളവും സന്ദര്‍ശിക്കാന്‍ ആലോചിക്കുന്ന യാത്രക്കാര്‍ക്കും ഉപകാരപ്രദമാകും.

യുഎഇയുടെ തലസ്ഥാനം കൂടിയായ അബുദാബി ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ആധുനിക നഗരങ്ങളിലൊന്നാണ്. ഗോ എയർ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തും മൊബൈല്‍ ആപ്പ് ഉപയോഗിച്ചും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിനും അബുദാബിക്കും ഇടയില്‍ നോണ്‍ - സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ മേഖലയിലെ വികസനം ഗോ ഫസ്റ്റിനെ ഈ നഗരങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സര്‍വീസാക്കി മാറ്റുമെന്നും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ റൂട്ടുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു.

Related News