പിണങ്ങി കഴിയുന്ന ഭാര്യയോടും മക്കളോടും സ്നേഹം നടിച്ചെത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം

  • 25/06/2022

കോട്ടയം:  ഭാര്യയെയും പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി വിജേന്ദ്രനെ (45)യാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയും പെൺമക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

കഴിഞ്ഞ ദിവസം രാവിലെ ആറുമണിക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചത്. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളുമാണ് രക്ഷപ്പെട്ടത്.

ഭാര്യയോടും മക്കളോടും സ്നേഹം നടിച്ചെത്തിയ വിജേന്ദ്രൻ ഇവര്‍ക്ക് നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവഴി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് ഇയാൾ പെട്രോൾ കൊണ്ടുവന്നത്. അവസരോചിതമായി ഇവർ പെരുമാറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Related News