ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ; വിജയ് ബാബുവിനെതിരെ പെട്ടെന്ന് നടപടിയില്ല

  • 26/06/2022

കൊച്ചി: ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്ന് താര സംഘടന അമ്മ. അമ്മക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്നും പ്രസ് മീറ്റില്‍ ഇടവേള ബാബുവും സിദ്ധിഖും പറഞ്ഞു.

ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ വിളിച്ച് വിശദീകരണം ചോദിക്കും. അതിന് ശേഷമാണ് നടപടിയെടുക്കുകയെന്ന് സിദ്ധിഖ് പറഞ്ഞു.
ഭൂരിഭാഗം പേരും അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പറഞ്ഞത്. ഷമ്മി തിലകനെ മൂന്ന് തവണ വിളിച്ചിട്ടുണ്ട്. ഇപ്പോഴും മെമ്പറാണ്. പുറത്താക്കണമെന്നാണ് ഭൂരിഭാഗം പേരും നിര്‍ദേശിച്ചതെന്നും സിദ്ധിഖ് പറഞ്ഞു.

വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനത്തിന് മുമ്പ് എടുത്ത് ചാടി നടപടിയെടുക്കില്ലെന്നും പ്രസ് മീറ്റില്‍ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട അംഗത്തെ കൃത്യമായ കാരണമില്ലാതെ പുറത്താക്കാനാവില്ല. വിജയ് ബാബു വെറും കുറ്റാരോപിതന്‍ മാത്രമാണ്. മുന്‍കൂര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ചോദിച്ചാല്‍ എന്ത് പറയാനാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ തീരുമാനമറിയാതെ തീരുമാനമെടുക്കാനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു.


പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ ഇന്ന് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്. ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരായ അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്.
ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബുവും ഇന്നത്തെ യോഗത്തിനെത്തിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയില്‍ യോഗം നടക്കുന്നത്.
അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാല പാര്‍വതി നേരത്തേ രാജിവെച്ചിരുന്നു. കൊവിഡ് ബാധിച്ചതിനാല്‍ മാല പാര്‍വതി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

Related News