കെ.എന്‍.എ ഖാദറിന് മുസ്ലിം ലീഗിന്റെ താക്കീത്

  • 26/06/2022

കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഡ്വ.കെ എന്‍ എ ഖാദറിന് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ താക്കീത്. സംഭവത്തില്‍ ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.

ഇതേ കുറിച്ച് പാര്‍ട്ടി അദ്ദേഹത്തോട് നേരത്തെ വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിശദീകരണം നല്‍കിയത്. വിശദീകരണ കുറിപ്പ് ചര്‍ച്ച ചെയ്തതിന് ശേഷമാണ് നേതൃത്വത്തിന്റെ നടപടി. സാംസ്‌കാരിക പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്നായിരുന്നു ഖാദറിന്റെ വിശദീകരണം.
തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചുവെന്നും മുസ്ലിം ലീഗ് പത്രക്കുറിപ്പില്‍ അറിയിച്ചു. 

പാര്‍ട്ടി അംഗങ്ങള്‍ ഏത് വേദിയില്‍ പങ്കെടുക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെയും പുറത്തും പ്രതികരണങ്ങള്‍ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങള്‍ക്കും സംഘടനാ മര്യാദകള്‍ക്കും വിരുദ്ധമാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രതയും കണിശതയും പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചാലപ്പുറത്ത് ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് ചുവര്‍ശില്‍പം അനാച്ഛാദനം ചെയ്തശേഷം നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയത് കെ.എന്‍.എ ഖാദറായിരുന്നു. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Related News