പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം നാട്ടിലേക്ക് യാത്രയായി.

  • 22/05/2020

കുവൈറ്റ് സിറ്റി : പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം രണ്ട് വീമാനങ്ങളിലായി നാട്ടിലേക്ക് യാത്രയായി, ഇന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട ജസീറ എയർവേസ് വിമാനം ഒരെണ്ണം വിജയവാഡയിലേക്കും മറ്റെന്ന് ഉത്തര്‍പ്രദേശിലെ ലക്‌നോയിലേക്കുമാണ് പോയത്. ഇന്നലെ രാവിലെ ജസീറ എയർവേസ് പൊതുമാപ്പ് ലഭിച്ച 145 സ്ത്രീകളുമായി ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക്​​ പോയിരുന്നു. ഇന്ന് ജസീറ എയര്‍വേഴ്‌സിന്റെ രണ്ട് വിമാനങ്ങളിലായി 279 പൊതുമാപ്പ് ലഭിച്ച യാത്രക്കാരാണ് നാട്ടിലേക്ക് മടങ്ങിയത് . വിജയവാഡയിലേക്ക് 150 യാത്രക്കാരും, ലഖ്‌നോവിലേക്ക് 129 യാത്രക്കാരുമാണ് ഇന്ന് പോയത്. വരും ദിവസങ്ങളിലായി മറ്റുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. പൊതുമാപ്പ് കേന്ദ്രത്തിലെ ഇന്ത്യക്കാര്‍ക്കുള്ള താമസവും ഭക്ഷണവും കൂടാതെ സൗജന്യ വിമാന ടിക്കറ്റും കുവൈത്ത് സര്‍ക്കാറാണ് നല്‍കുന്നത്.

ഇന്ത്യയിൽ ക്വാറൻറയിന്​ സജ്ജീകരണങ്ങൾ ഒരുക്കാൻ വൈകിയതിനെത്തുടർന്നാണ് പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി വൈകിയത്. പൊതുമാപ്പ് ലഭിച്ച ഏഴായിരത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ കുവൈത്ത് സര്‍ക്കാറിന്റെ കീഴിൽ രാജ്യത്തെ വിവിധ പൊതുമാപ്പ് ഷെൽട്ടറുകളിൽ കഴിയുന്നുണ്ട്, ഇവിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 800ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. കൂടാതെ എംബസിയില്‍ നിന്ന് ഔട്ട്പാസ് ലഭിച്ച 5000ഓളം പേരും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണ് . ഇതില്‍ ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങള്‍ അവരുടെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നേടിയിട്ടുണ്ട്. എന്നാല്‍ കേരളം ഇതുവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടില്ല എന്നാണു റിപ്പോർട്ട്, അതിനാൽ പൊതുമാപ്പ് കേന്ദ്രത്തിലുള്ള മലയാളികളുടെ കേരളത്തിലേക്കുള്ള യാത്ര വൈകാനോ അല്ലെങ്കിൽ പൊതുമാപ്പ് കേന്ദ്രത്തിലുള്ള മലയാളികളെ മറ്റു സംസ്ഥാനങ്ങളിലേക്കോ അയക്കാനോ ആണ് സാധ്യത.

Related News