കാസര്‍ഗോഡ് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവം: പിന്നില്‍ സാമ്പത്തിക ഇടപാടാണെന്ന് പോലീസ്

  • 27/06/2022



കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നും പൈവളിഗയിലെ സംഘം ആണെന്നും പോലീസ് കണ്ടെത്തി. 

കൊലയ്ക്ക് നേതൃത്വം നല്‍കിയ റയീസ്, നൂര്‍ഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. കുമ്പള, മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

വിദേശത്തേക്ക് അനധികൃതമായി കടത്തിയ വിദേശ കറന്‍സികളും ആയി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു. കൊലപാതകത്തിന് പിന്നിലെ സംഘം ഒരു സ്ഥലത്ത് എത്താന്‍ വിളിച്ച് പറഞ്ഞതനുസരിച്ച് സഹോദരന്‍ വീട്ടില്‍ നിന്ന് പോയതാണെന്ന് മരിച്ച അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരന്‍ ഷാഫി പറഞ്ഞു. അവിടെ നിന്ന് സംഘം കാറില്‍ കയറ്റിക്കൊണ്ട് പോയി. പിന്നീട് ആശുപത്രിയില്‍ എത്താനുള്ള അറിയിപ്പാണ് ലഭിച്ചതെന്നും സഹോദരന്‍ ഷാഫി പറഞ്ഞു.

സിദ്ദിഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്ത് അന്‍സാരിയേയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു എന്നുമാണ് കണ്ടെത്തല്‍. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന മുഗുവിലെ അബൂബകര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയത്.

ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു കളഞ്ഞുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ കാസര്‍ഗോഡ് ഡിവൈഎസ്പി പി ബാലകൃഷ്ണനെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.  സിദ്ദിഖിന് കാലിനടിയില്‍ മാത്രമാണ് പരിക്കുള്ളത്. വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

Related News