സ്വപ്‌നയുടെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി

  • 27/06/2022

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് നിയമസഭാ ചോദ്യത്തിനാണ് രേഖാമൂലം മുഖ്യമന്ത്രിയുടെ മറുപടി.

സ്വര്‍ണക്കടത്തിലെ ആരോപണങ്ങള്‍കൊണ്ട് തകര്‍ക്കാവുന്നതല്ല തന്റെ പൊതുജീവിതമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെല്ലാം ജനങ്ങള്‍ അവഗണിച്ച് തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമം സ്വപ്‌നയുടെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ പരിഭ്രാന്തി പിടിപ്പിച്ചെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സ്വപ്നയുടെ രഹസ്യമൊഴിയ്ക്ക് പിന്നാലെ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന ശേഷം ആദ്യമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. ആരോപണങ്ങളെല്ലാം പഴയതെന്നായിരുന്നു നിലപാട്. ഒരു വര്‍ഷത്തോളം കേന്ദ്ര ഏജന്‍സികള്‍ തിരിഞ്ഞും മറിഞ്ഞും പരതിയിട്ടും തെളിവ് കിട്ടിയില്ല. തിരഞ്ഞെടുപ്പില്‍ ജനങ്ങളും അവഗണിച്ച് തള്ളിയതിനാലാണ് എല്‍.ഡി.എഫിന് 99 സീറ്റ് ലഭിച്ചതെന്നും അദേഹം അവകാശപ്പെട്ടു. എന്നാല്‍ സ്വപ്നക്കെതിരെ നിയമവഴി സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ആലോചിക്കാമെന്ന് മാത്രം മറുപടി. ഭാര്യയേയും മകളെയും ബന്ധപ്പെടുത്തിയുള്ള ആരോപണത്തില്‍ സ്വരം കടുപ്പിച്ചു. സ്വപ്ന പറയുന്നത് പോലെ ക്‌ളിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വന്നിട്ടുണ്ടോയെന്ന് ചോദ്യത്തിന് മറുപടി ചിരിയോടെ. സ്വര്‍ണക്കടത്തിലെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്ന് ആരോപിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയ്ക്ക് ആരോപണങ്ങളില്് പേടിയെന്നുംവിമര്‍ശിച്ചു.

Related News