ടൂറിസം ഡയരക്ടറുടെ വിവാദ സര്‍ക്കുലര്‍ റദ്ദാക്കി മന്ത്രി മുഹമ്മദ് റിയാസ്; വിശദീകരണം തേടി

  • 27/06/2022

തിരുവനന്തപുരം: ജോലിസ്ഥലത്തെ അതിക്രമങ്ങളേക്കുറിച്ച് പരാതിപ്പെടുന്ന വനിതാജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനായി ടൂറിസം ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കി മന്ത്രി മുഹമ്മദ് റിയാസ്. ഈ മാസം 17-നാണ് ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ, വനിതാജീവനക്കാര്‍ നല്‍കുന്ന പരാതിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സര്‍ക്കുലര്‍ വിവാദമായതോടെ പൊതുമാരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിഷയത്തില്‍ ഇടപെട്ടു. മന്ത്രി സര്‍ക്കുലര്‍ റദ്ദാക്കുകയും ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജയില്‍നിന്ന് മന്ത്രി വിശദീകരണം തേടുകയും ചെയ്തു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് നിരക്കാത്തതും വനിതാ ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കണ്ടാണ് സര്‍ക്കുലര്‍ റദ്ദാക്കിയത്. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെയും ഗസ്റ്റ് ഹൗസുകളിലെയും വനിതാ ജീവനക്കാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നല്‍കുന്ന പരാതികള്‍ അന്വേഷണഘട്ടത്തില്‍ പിന്‍വലിക്കുകയോ ആരോപണങ്ങളില്‍നിന്ന് പിന്‍മാറുകയോ ചെയ്യുന്നു. ഇത് അന്വേഷണോദ്യോഗസ്ഥരുടെ സമയം നഷ്ടമാക്കുന്നുവെന്ന് കൃഷ്ണ തേജയുടെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

ചില ജീവനക്കാര്‍ അടിസ്ഥാനഹരിതമായ പരാതികള്‍ ഉന്നയിക്കുന്നെന്നും വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടി എടുക്കുകയും വേണമെന്നായിരുന്നു ഡയറക്ടറുടെ നിര്‍ദ്ദേശം. വിഷയത്തില്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്ടറുടെ സര്‍ക്കുലറിലുണ്ടായിരുന്നു. ഈ സര്‍ക്കുലര്‍ വിവാദമായതോടെയാണ് മന്ത്രി റിയാസ് ഇടപെട്ടതും ടൂറിസം ഡയറക്ടറില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തത്.

Related News