ആലപ്പുഴ മെഡിക്കല്‍ കോളജ് കാന്റീനില്‍ നിന്നുള്‍പ്പെടെ പഴകിയ ഭക്ഷണം പിടികൂടി

  • 28/06/2022

ആലപ്പുഴ: ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണം പിടികൂടി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഹോട്ടലുകളും ബേക്കറികളിലുമാണ് മിന്നല്‍ പരിശോധ നടത്തിയത്.  രണ്ടുഹോട്ടലുകളില്‍ നിന്നും ഗവ. ടി.ഡി.മെഡിക്കല്‍ കോളേജിലെ കാന്റീനില്‍നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തുനശിപ്പിച്ചു. 

മലബാര്‍ ഹോട്ടല്‍, താജ്മഹല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയഭക്ഷണം പിടികൂടിയത്.പുന്നപ്ര കുറവന്‍തോടു മുതല്‍ വണ്ടാനംവരെയും കഞ്ഞിപ്പാടത്തുമുള്ള സ്ഥാപനങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഹോട്ടലുകളില്‍നിന്നു പഴകിയതും ഫ്രീസറില്‍ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങളാണു പിടിച്ചെടുത്തുനശിപ്പിച്ചത്. പഴകിയ ഷവര്‍മ, ബീഫ്, ചില്ലിചിക്കന്‍, ചില്ലിബീഫ് എന്നിവ വിവിധഹോട്ടലുകളില്‍നിന്നും കണ്ടെടുത്തുനശിപ്പിച്ചതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ കാന്റീനില്‍നിന്നു ഗ്രേവിയാണ് പിടിച്ചത്. പഴകിയ ഭക്ഷണംകണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനിര്‍ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. പരിസരം വൃത്തിഹീനമായികണ്ട സ്ഥാപനങ്ങളില്‍ 24 മണിക്കൂറിനകം അതുപരിഹരിക്കാന്‍ നിര്‍ദേശം നല്‍കി. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങളെക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും പഞ്ചായത്തില്‍നിന്നു ഹരിതകാര്‍ഡ് എടുക്കാനും നിര്‍ദേശിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീദേവി, സ്മിതാ വര്‍ഗീസ്, മീനുമോള്‍ എന്നിവര്‍ പങ്കെടുത്തു.

Related News