യുവതിയെ ഭര്‍തൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി, ചികിത്സയ്ക്കിടെ മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

  • 28/06/2022

പാലക്കാട്: ഭര്‍തൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ധോണി സ്വദേശിനി അജിഷയെയാണ് (32) തേനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.  

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തിന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവദിവസം രാവിലെ അമ്മ വസന്തയെ വിളിച്ച് തേനൂരിലെ വീട്ടിലെത്താന്‍ അജിഷ ആവശ്യപ്പെട്ടിരുന്നു. ഇതേ ദിവസം തന്നെ 'മമ്മിയെ പപ്പ ശല്യംചെയ്യുന്നു, പോയി ചത്തൂടെ' എന്ന് ചോദിക്കുന്നുവെന്ന് അജിഷയുടെ മക്കള്‍ വസന്തയ്ക്ക് വാട്‌സാപ്പില്‍ ശബ്ദസന്ദേശവും അയച്ചിരുന്നു. വിഷം കഴിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

അജിഷയും ഭര്‍ത്താവ് പ്രമോദും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്ന് ഇവര്‍ പറയുന്നു. രണ്ടാഴ്ചമുമ്പുണ്ടായ വഴക്കില്‍ അജിഷയുടെ കൈയൊടിഞ്ഞിരുന്നു. സര്‍ക്കാരുദ്യോഗസ്ഥനായ തനിക്ക് അതിനനുസരിച്ചുള്ള സ്ത്രീധനം ലഭിച്ചിട്ടില്ലെന്നുപറഞ്ഞ് നിരന്തരം ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുമായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.  

തിങ്കളാഴ്ച ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അജിഷയുടെ ഭര്‍ത്താവ് പ്രമോദ് കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ യു.ഡി. ക്ലാര്‍ക്കാണ്. മക്കള്‍: റോഹന്‍ മാധവ്, റിദ്വിന്‍ മാധവ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 

Related News