'ക്ലബ് ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ചേരില്ലായിരുന്നു'; അമ്മയിലെ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു

  • 28/06/2022

തൃശ്ശൂര്‍: താരസംഘടനയായ AMMA ക്ലബ്ബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ക്ലബ്ബ് ആയ AMMA യില്‍ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. സന്നദ്ധ സംഘടനയായതു കൊണ്ടാണ് അംഗത്വമെടുത്തതെന്നും വേറെ നല്ല ക്ലബ്ബില്‍ അംഗമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് കാട്ടി സെക്രട്ടറിയ്ക്കു കത്തെഴുതി. അംഗത്വ ഫീ ആയി നല്‍കിയ ഒരു ലക്ഷത്തോളം രൂപ  തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. AMMA സെക്രട്ടറി വിവരക്കേട് പറയുകയാണ്, അത് തിരുത്തണം.

നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. വിവരമില്ലാത്തവരാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.
ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങളും വ്യത്യസ്തമാണ്. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. എന്നാല്‍ തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. ഇവിടെ അങ്ങനെയല്ല, വിരുദ്ധാഭിപ്രായങ്ങളും കുറവാണ്. നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. അദ്ദേഹത്തിന് അതിന്റെ പകയുണ്ടാകാം.

Related News