ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി യുവാക്കൾ പിടിയില്‍

  • 29/06/2022

പത്തനംതിട്ട: ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. രണ്ടാം പ്രതിയായ സേതുനായരുടെ നിർദേശ പ്രകാരമാണ് ഒന്നാം പ്രതി ശരത്ത് എസ് പിള്ള പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി കുളിമുറി ദൃശ്യങ്ങൾ പകർത്തിയത്. സേതുനായരാണ് യുവതിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചത്. പല തവണ റിക്വസ്റ്റ് അയച്ചിട്ടും യുവതി സ്വീകരിച്ചിരുന്നില്ല. 

ഇതിന്‍റെ വൈരാഗ്യം മൂലമാണ് ശരത്തിനെ വിട്ട് ദൃശ്യങ്ങൾ പകർത്താൻ കാരണമെന്നാണ് പ്രതികൾ പോലീസിൽ നൽകിയ മൊഴി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പ്രതികളുടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചു. 

യുവതിയും മകളും മാത്രം താമസക്കുന്ന വീട്ടിലെത്തി കുളിമുറിയുടെ വെന്റിലേഷനിലൂടെയാണ് ഒന്നാം പ്രതി ശരത് ദൃശ്യങ്ങൾ പകർത്തിയത്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടുവെന്ന മനസിലാക്കിയിട്ടും ശരത് സ്വന്തം വീട്ടിലെത്തിയ ശേഷം പകർത്തിയ ദൃശ്യങ്ങൾ സേതുവിന് അയച്ചു കൊടുത്തു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ യുവതി കോയിപ്രം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

പോലീസിൽ പരാതി നല്‍കിയത് അറിഞ്ഞതോടെ സേതു നായർ ,ശരത് എസ് പിള്ളയെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.  
 

Related News