പേശികള്‍ അടിയേറ്റ് ചതഞ്ഞ് വെള്ളംപോലെ, ക്രൂര മര്‍ദ്ദനം; പ്രവാസിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍

  • 29/06/2022

കാസര്‍കോട്: കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള സ്വദേശികളായ അസീസ്, റഹീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യം നടന്ന പൈവളികയിലെ വീട്ടില്‍ ഇന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ എത്തിയാണ് തെളിവ് ശേഖരിച്ചത്. 

ഞായറാഴ്ചയാണ് കുമ്പള സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖ്(32) കൊല്ലപ്പെട്ടത്. മര്‍ദനമേറ്റ് മരിച്ചുവീണ സിദ്ദീഖിനെ മൂന്നംഗസംഘം ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ച് കടന്നു കളയുകയായിരുന്നു. പൈവളികയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള നുച്ചിലയിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാര്‍പ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ മരിച്ച അബൂബക്കര്‍ സിദ്ധീഖിനെ ക്രൂര മര്‍ദ്ദനത്തിനാണ് ഇരയാക്കിയത്. സഹോദരന്‍ അന്‍വര്‍ ഹുസൈന്‍, ബന്ധു അന്‍സാരി എന്നിവരെ മര്‍ദ്ദിച്ചതും ഈ വീട്ടില്‍ വച്ചാണ്.

പൈവളിഗ സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയില്‍ ഉള്ള ഒഴിഞ്ഞ് കിടക്കുന്ന വീടാണിത്. ഇദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ ആരേയും ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവരില്‍ പലരും സംസ്ഥാനം വിട്ടതായാണ് വിവരം.

ഗള്‍ഫിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കാരണം. സിദ്ദീഖിനെ ഗള്‍ഫില്‍നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് ഇയാളുടെ സഹോദരന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചിരുന്നു. സിദ്ദീഖ് കൊല്ലപ്പെട്ടതോടെ ഇവരെ പിന്നീട് വാഹനത്തില്‍ കൊണ്ടുപോയി വഴിയരികില്‍ ഇറക്കിവിടുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ക്വട്ടേഷന്‍ സംഘമാണ് മൂവരെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. 

കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദീഖിന്റെ ശരീരത്തിലെ പേശികള്‍ അടിയേറ്റ് ചതഞ്ഞ് വെള്ളംപോലെയായിരുന്നു. കാല്‍വെള്ളയിലും പിന്‍ഭാഗത്തുമായിരുന്നു അടികളെല്ലാം. കേസില്‍ ഇനി 13 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. 



Related News