പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു; കൃത്യമായ ഇടവേളകളിൽ വാക്‌സീൻ എടുത്തിരുന്നതായി പിതാവ്, അന്വേഷണം

  • 30/06/2022

പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ( 19) ആണ് മരിച്ചത്. മെയ് 30നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായില്‍ കഴിയുകയായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. 

അതേസമയം മകൾക്ക് കൃത്യമായ ഇടവേളകളിൽ വാക്‌സീൻ എടുത്തിരുന്നതായാണ് ശ്രീ ലക്ഷ്മിയുടെ അച്ഛൻ സുഗുണൻ പറയുന്നത്. മെയ്‌ 30, ജൂൺ 2, ജൂൺ 6, ജൂൺ 27 തീയതികളിൽ വാക്‌സീന്‍ എടുത്തിരുന്നെന്നാണ് പറയുന്നത്. ജൂണ്‍ 28 ന് കോളേജിൽ പരീക്ഷയ്ക്ക് പോയി വരുമ്പോൾ പനി അനുഭവപ്പെട്ടു. തുടര്‍ന്ന് മരുന്ന് വാങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോളാണ് ലക്ഷണം കാണിച്ചത്. ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് പറഞ്ഞു. 

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിച്ചിരുന്നു. ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളിൽ വാക്സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടു.

Related News