ട്രെയിനില്‍ പിതാവിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയ അതിക്രമിച്ച കേസിലെ മൂന്ന് പേര്‍ അറസ്റ്റില്‍

  • 01/07/2022

കൊച്ചി: പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിയെ ഉപദ്രവിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഒന്നാം പ്രതി പുതുക്കാട് കുറ്റിക്കാട് പെരിയാടന്‍ വീട്ടില്‍ ജോയ് ജേക്കബ് (53), മൂന്നാം പ്രതി മുരിങ്ങൂര്‍ കിന്‍ഫ്ര പാര്‍ക്കിനു സമീപം ഇലഞ്ഞിക്കല്‍ വീട്ടില്‍ സിജോ ആന്റോ (43), നാലാം പ്രതി വെസ്റ്റ് ചാലക്കുടി ഓടത്തുവീട്ടില്‍ സുരേഷ് (53) എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമും സംഘവും അറസ്റ്റ് ചെയ്തത്.

ഒളിവിലായിരുന്ന പ്രതികളില്‍ ജോയിയെ വയനാട്ടില്‍നിന്നും സുരേഷിനെയും സിജോയെയും കൊച്ചിയില്‍നിന്നുമാണ് പിടികൂടിയത്. ജോയിയെ വ്യാഴാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഇനിയും രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. പുല്‍പ്പള്ളിയില്‍ ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ജോയി.രണ്ടു ദിവസമായി തൃശ്ശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ പോലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ ട്രെയിനിലാണ് പിതാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിക്കു നേരേ അതിക്രമമുണ്ടായത്. 

തൃശ്ശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ചുപേരും ഇറങ്ങിയത്. ഒന്നാം പ്രതി ജോയിയാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത പിതാവിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് തടയുകയും തള്ളിമാറ്റുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

Related News