ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍

  • 01/07/2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിയെ പിതാവ് ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റി(31)നെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ഇടതു കാലില്‍ പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. 

കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപാനിയായ പ്രതി ഭാര്യയുമായുള്ള വഴക്കിനിടെ കുട്ടിയെ പൊള്ളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എല്ലാ ദിവസവും തന്റെ വീട്ടില്‍ കൊണ്ടു വരുന്ന കുഞ്ഞിനെ നാല് ദിവസമായി കാണാത്തത് കൊണ്ട് അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടില്‍ എത്തുകയായിരുന്നു.

കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട അമ്മൂമ്മ കാര്യമന്വേഷിച്ചപ്പോള്‍ അഞ്ചു വയസ്സുള്ള മൂത്തമകന്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു എന്നാണ് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. സംശയം തോന്നിയ അമ്മൂമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂത്ത കുഞ്ഞുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കൃത്യം വെളിപ്പെട്ടത്.

പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ചോദ്യമുണ്ടായാല്‍ മൂത്ത മകനോട് കുറ്റമേല്‍ക്കാന്‍ പിതാവ് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു. കുറച്ചു നാള്‍ മുന്‍പ് കുഞ്ഞിന്റെ നെഞ്ചില്‍ പൊള്ളലേല്‍പ്പിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  

Related News