25 കിലോയോളം വ്യാജ ആംബര്‍ഗ്രീസുമായി സാമ്പത്തിക തട്ടിപ്പ്; അഞ്ചു പേർ പിടിയില്‍

  • 01/07/2022

മലപ്പുറം: വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്. 25 കിലോയോളം വരുന്ന വ്യാജ ആംബര്‍ഗ്രീസുമായി അഞ്ചു പേർ മലപ്പുറത്ത് പോലീസിന്‍റെ പിടിയിലായി. മേലാറ്റൂര്‍ സ്വദേശികളായ അബ്ദുൾ റൌഫ്, മജീദ്,  തളിപ്പറമ്പ് സ്വദേശി കനകരാജന്‍, തിരൂര്‍ സ്വദേശി  രാജന്‍, ഓയൂര്‍ സ്വദേശി ഷെരീഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആംബര്‍ഗ്രീസ് കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. പെരിന്തല്‍മണ്ണ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇരുപത്തഞ്ച് കിലോയോളം തൂക്കംവരുന്ന ആംബര്‍ഗ്രീസ് തങ്ങളുടെ കൈവശമുണ്ടെന്നും  മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 45 ലക്ഷത്തോളം രൂപ വിലയുണ്ടെന്നുമാണ് പെരിന്തല്‍മണ്ണ സ്വദേശിയെ ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. 

ഇതിന്‍റെ അഡ്വാന്‍സായി പതിനായിരം രൂപ വാങ്ങി. തുടര്‍ന്ന് ആറ് കിലോയോളം വരുന്ന വ്യാജ ആംബര്‍ഗ്രീസ് കൈമാറുകയും ചെയ്തു. ബാക്കി ആംബര്‍ഗ്രീസ് പണം മുഴുവനും കൈമാറുമ്പോള്‍ കൊടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടാണ് പെരിന്തല്‍മണ്ണ സ്വദേശിക്ക് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. സംഘം മറ്റ് ജില്ലകളിലും തട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചെന്ന് പോലീസ് അറിയിച്ചു.
 

Related News