തട്ടുകടയ്ക്ക് പിഴ ചുമത്തി, കട തുറക്കാനിരിക്കെ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍; വീട്ടിലുള്ള അമ്മ പോലും അറിഞ്ഞില്ല

  • 02/07/2022

തിരുവനന്തപുരം: ആലങ്കോട് ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ്. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. 

ചാത്തന്‍പാറ ജങ്ഷനില്‍ തട്ടുകട നടത്തുന്ന മണിക്കുട്ടന്‍(52) ഭാര്യ സന്ധ്യ, മക്കളായ അജീഷ്(15) അമേയ (13) മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.

മണിക്കുട്ടന്റെ അമ്മ വീടിന്റെ പുറത്തെ മുറിയിലുണ്ടായിരുന്നെങ്കിലും ഇവര്‍ സംഭവം അറിഞ്ഞിരുന്നില്ല. ഗൃഹനാഥന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്നനിലയിലായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കട്ടിലിലും നിലത്തുമായിരുന്നു. കുടുംബം നടത്തിവന്നിരുന്ന തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴ ചുമത്തിയിരുന്നു. കട തുറക്കാനിരിക്കെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

രാവിലെ തട്ടുകടയിലെ ജോലിക്കാരനായ ഷംനാദ് മണിക്കുട്ടന്റെ വീട്ടിലെത്തിയിരുന്നു. കടയുടെ താക്കോല്‍ വാങ്ങാനാണ് ഇവര്‍ വന്നത്. പുറത്തെ മുറിയിലായിരുന്ന അമ്മയാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുനല്‍കിയത്. തുടര്‍ന്ന് അമ്മ അകത്തെ മുറിയില്‍ച്ചെന്ന് മണിക്കുട്ടനെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഇതോടെ ജോലിക്കാരനും മണിക്കുട്ടന്റെ ജ്യേഷ്ഠന്റെ മകനും വീടിനകത്തുകടന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചു. അപ്പോഴാണ് മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Related News