സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കും

  • 02/07/2022

തിരുവനന്തപുരം: ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നാളെ പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും നാളെ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ നടത്തും. 

പൊതുജനങ്ങള്‍ക്ക് മറ്റ് സേവനങ്ങള്‍ നാളെ ലഭ്യമാകില്ല. ഫയല്‍ തീര്‍പ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കലിനുള്ള തീവ്രയജ്ഞം. പെന്‍ഡിംഗ് ഫയലുകളില്‍ പരിഹാരം കണ്ടെത്തി തീര്‍പ്പാക്കുന്നതിന് മാസത്തില്‍ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ അവധി ദിനം പ്രവര്‍ത്തി ദിനമാക്കി കൊണ്ടുള്ള നടപടി.

പെന്‍ഡിംഗ് ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നല്ല ഇടപെടല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുന്നുണ്ട്. കൂടുതല്‍ ഊര്‍ജ്ജസ്വലമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related News