അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികളെ തിരയാന്‍ തണ്ടര്‍ബോള്‍ട്ടും

  • 03/07/2022

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികള്‍ വനത്തിനുള്ളിലെന്നാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചിലിനാണ് തണ്ടര്‍ബോള്‍ട്ട് എത്തിയിരിക്കുന്നത്. കേസില്‍ മൂന്നു പ്രതികളെ കൂടി കിട്ടാനുണ്ട്. നേരത്തെ 6 പേര്‍ അറസ്റ്റിലായിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

മര്‍ദനമേറ്റ വിനായകന്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇയാളുടെ ശരീരം മുഴുവന്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നന്ദകിഷോറിന്റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനം. നന്ദകിഷോറിന്റെ ശരീരമാകെ മര്‍ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News