ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടത് എസ്.എഫ്.ഐക്കാര്‍ പോയതിന് ശേഷമെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

  • 04/07/2022

കല്‍പറ്റ: വയനാട് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലെന്ന് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഓഫീസിനുള്ളില്‍ കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ സൂക്ഷമ വിശകലനം നടത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ നീക്കിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തില്‍ ഗാന്ധി ചിത്രം ചുമരിലാണുള്ളത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് സന്ദര്‍ശനം നടത്തിയതിന് ശേഷം വീണ്ടുമെടുത്ത ചിത്രങ്ങളില്‍ ഗാന്ധി ചിത്രം നിലത്ത് കിടക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 3.59നാണ് ഫോട്ടോഗ്രാഫര്‍ ആദ്യമായി ചിത്രം പകര്‍ത്താനെത്തുന്നത്. ഇതില്‍ ഗാന്ധിയുടെ ചിത്രം ചുമരിലുള്ളതായാണ് കാണുന്നത്. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഓഫീസ് സന്ദര്‍ശിക്കാനെത്തിയത്. ഈ സമയത്ത് പ്രതിഷധക്കാരെ പൊലീസ് സ്ഥലത്തു നിന്നും നീക്കിയിരുന്നു.
ഇവരുടെ അറസ്റ്റും മറ്റ് അനുബന്ധ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫര്‍ 4.30ന് വീണ്ടും ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുകാരും മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധിയുടെ ചിത്രം താഴെയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.



Related News