കോളജ് ടൂറിന് ആവേശം കൂട്ടാന്‍ ടൂറിസ്റ്റ് ബസിന്റെ മുകളില്‍ പൂത്തിരി; ബസിന് തീപിടിച്ചു

  • 04/07/2022

കൊല്ലം: കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ആവേശം പകരാനായി ടൂറിസ്റ്റ് ബസിന് മുകളില്‍ അഭ്യാസ പ്രകടനം. വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാൽ പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. തലനാരിഴയ്ക്കാണ് സംഭവത്തിൽ വലിയ അപകടം ഒഴിവായത്. 

ഇക്കഴിഞ്ഞ 26 ന് കൊല്ലം പെരുമണ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ടൂർ പോകും മുമ്പാണ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്.  പൂത്തിരിയിൽ നിന്നും ബസിന്റെ മുകൾ ഭാഗത്തേക്ക് തീ പടർന്നു. ജീവനക്കാർ തന്നെ ബസിന്റെ മുകളിൽ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.

തീ പടര്‍ന്നു പിടിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ബസുകൾ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
 

Related News