മരിച്ച ഗര്‍ഭസ്ഥശിശുവുമായി ചികിത്സ കിട്ടാതെ രണ്ടുമാസം കഴിഞ്ഞ യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

  • 04/07/2022

ആറന്മുള: മരിച്ച ഗര്‍ഭസ്ഥശിശുവുമായി ചികിത്സ കിട്ടാതെ രണ്ടുമാസം കഴിഞ്ഞ അമ്മ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29)യാണ് മിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) അറസ്റ്റിലായത്. 

സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് ഇയാള്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തക്കസമയത്ത് വേണ്ട ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം. മൂന്നുവര്‍ഷം മുമ്പാണ് ജ്യോതിഷും അനിതയും വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. 

അനിതയുടെ വീട്ടില്‍ത്തന്നെ താമസിച്ച ജ്യോതിഷ് വിവാഹത്തിനു ശേഷം ജോലിക്ക് പോയിരുന്നില്ല. അനിതയുടെ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ജീവിച്ചിരുന്നത്. ഇവര്‍ക്ക് കുട്ടി ജനിച്ചെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ഇയാള്‍ ചെലവിന് കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിനു ശേഷം പെട്ടെന്നുതന്നെ അനിത വീണ്ടും ഗര്‍ഭിണിയായി. ഇതോടെ വിവരം മറച്ചുവെയ്ക്കണമെന്ന് ഭര്‍ത്താവ് അനിതയോട് ആവശ്യപ്പെട്ടു. ഗര്‍ഭം ഒഴിവാക്കാനും ശ്രമിച്ചു.

മതിയായ ചികിത്സയും പരിചരണവും കിട്ടാത്തതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരണപ്പെട്ടു. ഇത് കണ്ടെത്തിയ ഡോക്ടര്‍ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അവിടേക്ക് ഇയാള്‍ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റില്‍കിടന്നു. 

അണുബാധ മൂലം അനിത മേയ് 19 മുതല്‍ തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലായി. ജൂണ്‍ 28-ന് അനിത മരിച്ചു. ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ഭര്‍ത്താവ് ഭാര്യയുടെ ചികില്‍സയ്ക്കായി പലരുടെ പക്കല്‍നിന്നും പണംവാങ്ങിയിട്ട് സ്വന്തം കാര്യങ്ങള്‍ക്ക് ചെലവിടുകയായിരുന്നു.

Related News