ജനറൽ ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, ഒടുവില്‍ പാലക്കാട് നിന്ന് കുഞ്ഞിനെ കണ്ടെത്തി

  • 04/07/2022

ചെന്നൈ: പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പാലക്കാട് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞിനെ ഇന്ന് രാവിലെ നാല് മണിയോടെ പാലക്കാട് തിരുവായൂരിൽ നിന്ന് കണ്ടെത്തിയത്. 24 മണിക്കൂറിനകമാണ് കുട്ടിയെ വീണ്ടെടുത്തത്. സംഭവത്തില്‍ ഒരു പ്രതിയെ പിടികൂടിയതായി പൊള്ളാച്ചി പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് സംഭവം. രണ്ട് സ്ത്രീകൾ ചേർന്നാണ് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം ശക്തമാക്കി. 

769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളാണ് 24 മണിക്കൂറിനുള്ളിൽ പോലീസ് പരിശോധിച്ചത്. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പോലീസിന്‍റെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

പോലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്,ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക്  കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു. രണ്ടാമത്തെ പ്രതിക്കായി അന്വേഷണം തുടരുകയാണ്.  

Related News