വിശ്വാസവോട്ടെടുപ്പ് വിജയിച്ച് ഏക്‌നാഥ് ഷിന്‍ഡെ

  • 04/07/2022

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡെ ഭൂരിപക്ഷം തെളിയിച്ചു. വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ നേടിയാണ് ജയം. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 40 ശിവസേന എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി കൂറുമാറി ഷിന്‍ഡെയ്ക്കപ്പൊം ചേര്‍ന്നു. 99 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 

മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു.ഏറെ നാടകീയതയ്‌ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസുമാണ് ചുമതലയേറ്റത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്‌നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സ്ഥാനം ഏല്‍ക്കുകയായിരുന്നു. 

ബാല്‍ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞ.അതേസമയം ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കും.

Related News