അമ്മയുടെയും കുഞ്ഞിന്റെയും മരണം; ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍

  • 05/07/2022

പാലക്കാട്: പ്രസവ ചികില്‍സക്കിടെ അമ്മയും കുഞ്ഞും മരിച്ചതില്‍ ചികില്‍സാ പിഴവുണ്ടായിട്ടില്ലെന്ന് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ഐശ്വര്യയ്ക്ക് മതിയായ ചികില്‍സ നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കളുടെ അനുമതിയോടെയാണ് കുഞ്ഞിനെ സംസ്‌ക്കരിക്കാന്‍ സഹായിച്ചതെന്നും വ്യക്തമാക്കി. 

ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അന്വേഷണത്തില്‍ പിഴവുണ്ടായാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഐശ്വര്യയുടെ കുടുംബം വ്യക്തമാക്കി.ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ആരോഗ്യ വകുപ്പിന് കത്ത് നല്‍കി. വിദഗ്ധ സംഘം ഉടന്‍ രൂപീകരിച്ച് പരാതികള്‍ പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറും വ്യക്തമാക്കി. എന്നാല്‍ ചികില്‍സാപ്പിഴവുണ്ടായിട്ടില്ലെന്നും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും സ്വകാര്യ ആശുപത്രി വിശദീകരണം.

അതേസമയം ആശുപത്രിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് ഐശ്വര്യയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് പിഴവുണ്ടായി. ചികില്‍സാ വിവരമൊന്നും പറഞ്ഞിരുന്നില്ല. കുഞ്ഞിനെ സംസ്‌ക്കരിച്ചതും ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതുമെല്ലാം പിന്നീടാണ് അറിയിച്ചത്. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തുടര്‍ നടപടി. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടാല്‍ നിയമപരമായ വഴികളും സമര പരിപാടികളും സംഘടിപ്പിക്കുമെന്നാണ് ഐശ്വര്യയുടെ കുടുംബം ആവര്‍ത്തിക്കുന്നത്.

Related News