കെ.എസ്.ആര്‍.ടി.സി വര്‍ക്‌ഷോപ്പുകളുടെ എണ്ണം കുറച്ച് 22 ആക്കുമെന്ന് മന്ത്രി

  • 05/07/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി വര്‍ക്ഷോപ്പുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കെ എസ് ആര്‍ ടി സിക്ക് സംസ്ഥാനത്ത് 93 വര്‍ക്ഷോപ്പുകളുണ്ട്. ഇത് 22 ആക്കി കുറയ്ക്കാനാണ് തീരുമാനം. ഗതാഗതവകുപ്പ് മാത്രമല്ല കെ എസ് ആര്‍ ടി സിയെന്ന് പറഞ്ഞ മന്ത്രി കെ എസ് ആര്‍ ടി സിയെന്ന് പറഞ്ഞ് ഗതാഗത വകുപ്പിനെ കുറ്റം പറയരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. 

എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും മന്ത്രി പറഞ്ഞു.കെ എസ് ആര്‍ ടി സിയില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ നേരത്തെ അറിയിച്ചിരുന്നു. അതല്ലാതെ കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ മറ്റ് വഴികളില്ല. കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെയും വികാരം. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നേരത്തെ തുടങ്ങിയെങ്കിലും അത് പൂര്‍ണ വിജയമായിരുന്നില്ല. അതിനാല്‍ വീണ്ടും അതിവേഗം ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ ഗതാഗത മന്ത്രി രംഗത്തെത്തി. കെ എസ് ആര്‍ ടി സി യൂണിറ്റുകള്‍ ഭരിക്കുന്നത് യൂണിയനുകളാണ്. ഈ സ്ഥിതി മാറിയാലേ കെ എസ് ആര്‍ ടി സി രക്ഷപെടൂവെന്നും മന്ത്രി പറഞ്ഞു.



Related News