വാഹനാപകടത്തില്‍ മരിച്ച നഴ്‌സിന്റെ സുഹൃത്തെന്ന വ്യാജേന മരണവീട്ടിലെത്തി; കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്നു

  • 05/07/2022

ശ്രീകണ്ഠപുരം: കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ച നഴ്‌സിന്റെ സുഹൃത്താമെന്ന് പറഞ്ഞ് മരണവീട്ടിലെത്തിയ യുവതി കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്നു. യുവതിയെ പോലീസ് പിടികൂടിയെങ്കിലും നഴ്സിന്റെ ബന്ധുക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയച്ചു.

കഴിഞ്ഞ 29-ന് വൈകിട്ട് തളിപ്പറമ്പ് കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് മരിച്ച കണ്ണൂര്‍ മിംസ് ആശുപത്രിയിലെ നഴ്സായ നെല്ലിക്കുറ്റി ഏറ്റുപാറയിലെ ചക്കാങ്കല്‍ നിധിന്റെ ഭാര്യ ജോബിയ ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോബിയ മരിച്ച ദിവസം വീട്ടിലെത്തിയ യുവതി ഏറെ സമയം ജോബിയയുടെ രണ്ടുവയസ്സുള്ള മകനെ എടുത്തു നടന്നു. പിന്നീട് കുഞ്ഞിനെ ബന്ധുവായ സ്ത്രീ ഏറ്റുവാങ്ങി. 

എന്നാല്‍ ഈ സമയം കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്തഴിഞ്ഞ നിലയില്‍ വസ്ത്രത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അന്ന് ആര്‍ക്കും സംശയം തോന്നിയില്ല. മൃതദേഹം അടക്കം ചെയ്ത പിറ്റേദിവസവും യുവതി വീട്ടിലെത്തി. അന്നും കുഞ്ഞിനെ ഏറെസമയം എടുത്തുനടക്കുകയും വൈകിട്ട് തിരിച്ചുപോവുകയും ചെയ്തു.

തുടര്‍ന്നാണ് കുഞ്ഞിന്റെ ഒന്നരപ്പവന്റെ അരഞ്ഞാണം കാണാനില്ലെന്നത് വീട്ടുകാര്‍ അറിഞ്ഞത്. കഴിഞ്ഞദിവസം യുവതി വന്നപ്പോള്‍ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്ത് ഊരിയ നിലയില്‍ വസ്ത്രത്തില്‍ കുടുങ്ങിക്കിടന്ന കാര്യം ബന്ധുവായ സ്ത്രീ വെളിപ്പെടുത്തി. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കരുവഞ്ചാല്‍ സ്വദേശിയായ 22 -കാരി പിടിയിലായത്. 

ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. എന്നാല്‍ ജോബിയയുടെ വേര്‍പാടിന്‍‌റെ സങ്കടത്തിലായിരുന്ന വീട്ടുകാര്‍ യുവതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറാകുകയായിരുന്നു. യുവതി അരഞ്ഞാണം തളിപ്പറമ്പിലെ ഒരു ജൂവലറിയിലായിരുന്നു വിറ്റത്. അവര്‍ അരഞ്ഞാണം ഉരുക്കിയതിനാല്‍ പകരം മറ്റൊരു അരഞ്ഞാണം നല്‍കി. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

Related News