എകെജി സെൻ്റർ സന്ദ‍ര്‍ശന വിഷയത്തിൽ മുഖ്യമന്ത്രിയെ തള്ളി എസ്ഡിപിഐ

  • 05/07/2022




തിരുവനന്തപുരം : എകെജി സെൻററര്‍ സന്ദ‍ര്‍ശനത്തിനെത്തിയ നേതാക്കളെ തിരിച്ചയച്ചെന്ന സിപിഎമ്മിന്റെ വിശദീകരണം തള്ളി എസ്ഡിപിഐ. എകെജി സെന്ററിലെത്തിയപ്പോൾ ഇരിക്കാൻ പറഞ്ഞുവെന്നും പത്ത് മിനുട്ട് അവിടെ ഇരുന്ന ശേഷമാണ് തിരിച്ചുപോയതെന്നും എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. നേതാക്കളെ കാണാൻ ആവശ്യപ്പെട്ടിരുന്നില്ല. ഇറങ്ങിപ്പോകാനും ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആക്രമണം നടന്ന എകെജി സെന്ററിൽ നിന്ന് എസ്ഡിപിഐ നേതാക്കൾ പുറത്ത് വരുന്ന ചിത്രം നേരത്തെ വലിയ വിവാദമായിരുന്നു. എകെജി സെന്റർ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചുവെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടന്നത്. നേതാക്കളുടെ ഓഫീസ് സന്ദര്‍ശനം എന്ന നിലയിലാണ് എസ്ഡിപിഐ സോഷ്യൽ മീഡിയയിൽ ചിത്രം ഇട്ടത്. വിവാദമായതോടെ സിപിഎം വിശദീകരണവുമായി എത്തി. എസ്ഡിപിഐ നേതാക്കളെ ഓഫിസിൽ കയറ്റാതെ തിരിച്ചയച്ചെന്നായിരുന്നു എകെജി സെന്ററിൽ നിന്നുള്ള വിശദീകരണം. 

അടിയന്തര പ്രമേയ ചര്‍ച്ചയിലുടനീളം ഫോട്ടോ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കി. അഭിമന്യു വധക്കേസിന് പിന്നിലെ സംഘടനയുമായാണ് സിപിഎമ്മിന്റെ ചങ്ങാത്തമെന്നായിരുന്നു വിമര്‍ശം. ഇതോടെ എസ്ഡിപിഐ നേതാക്കളെ ഓഫീസിന് പുറത്ത് നിന്ന് തന്നെ തിരിച്ചയക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചു. എന്നാൽ ഒത്തുകളി പുറത്തായെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. 

Related News