ബാലുശ്ശേരിയില്‍ ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്.ഡി.പി.ഐ നേതാവ് പിടിയില്‍

  • 05/07/2022

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ പ്രധാന പ്രതിയായ എസ്.ഡി.പി.ഐ ജില്ലാ നേതാവ് സഫീര്‍ കസ്റ്റഡിയില്‍. സംഭവത്തിന് ശേഷം ഒളിവില്‍ ആയിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. 

അറസ്റ്റിലായ ഒന്‍പത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനമാണ് ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്തായിരുന്നു ഇത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് റിമാന്‍ഡിലുള്ളത്.എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. 

മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കൂടി പൊലീസ് കേസെടുത്തിരുന്നു.ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേര്‍ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.

Related News